Headlines

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല: ഡോ. കെ.എ. പോളിന്റെ വാദം തള്ളി കേന്ദ്രസർക്കാർ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ ഡോ. കെ.എ. പോൾ നടത്തിയ അവകാശവാദം കേന്ദ്രസർക്കാർ തള്ളി. വധശിക്ഷ റദ്ദാക്കിയതായി സർക്കാരിന് ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡോ. പോളിന്റെ അവകാശവാദം വ്യാജമാണെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും വ്യക്തമാക്കിയിരുന്നു.

ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ ഡോ. കെ.എ. പോൾ സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അവകാശപ്പെട്ടത്. എന്നാൽ, ഈ വിഷയത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

ഈ മാസം 16-ന് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ, നയതന്ത്ര ഇടപെടലുകളെ തുടർന്ന് നീട്ടിവെച്ചിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ചകൾ നടത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഈ ചർച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസർക്കാർ അറിയിച്ചു. നിമിഷപ്രിയയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളെ അറിയിച്ചു. സൗഹൃദരാജ്യങ്ങളുടെ സഹായവും ഈ വിഷയത്തിൽ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply