Headlines

നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

യെമെന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. നെന്മാറ എംഎല്‍എ കെ. ബാബു കമ്മിറ്റിയുടെ ചെയര്‍മാനാകും. വധശിക്ഷ ഈമാസം 16-ന് നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് ലഭിച്ചിരുന്നു. വധശിക്ഷ ഏറെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്നാണ് കെ. ബാബു പ്രതികരിച്ചത്. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കാര്യമായി ഇല്ല. ഗോത്രസമുദായങ്ങളാണ് അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിമിഷപ്രിയയുടെ അമ്മ അവരെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ട്. ഇടപെടുന്നതിലൊന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഗോത്രസമൂഹത്തിന്റെ ഇടപെടലാണ് പ്രധാനം. പലതവണ വിലപേശല്‍ നടന്നിട്ടുണ്ട്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. സാമുവല്‍ ഇന്നുതന്നെ യെമെനിലേക്ക് പുറപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലായ് 16-ന് വധശിക്ഷ നടപ്പാക്കാനാണ് പബ്ലിക് പ്രോസിക്യൂഷന്‍ ജയില്‍ അധികൃതര്‍ക്ക് നല്‍കിയ ഉത്തരവ്. ദിയാധനത്തിന്റെ സാധ്യതകള്‍ പരമാവധി പരിശോധിച്ചുകൊണ്ട് സാമുവേല്‍ ജെറോം ഇടപെടുന്നുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കാമെന്നാണ് യെമെന്‍ പൗരന്റെ കുടുംബത്തെ അറിയിച്ചത്. ഇത്തരമൊരു വാഗ്ദാനം നേരത്തെയും കുടുംബത്തിന് നല്‍കിയിരുന്നു. പക്ഷേ, കൊല്ലപ്പെട്ട തലാല്‍ അബ്ദോ മെഹദിയുടെ കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് മാപ്പു നല്‍കുന്നതിനോട് വിയോജിപ്പുണ്ടെന്നാണ് സൂചന. കുടുംബത്തിലെ എല്ലാ അംഗങ്ങളും മാപ്പുനല്‍കാന്‍ തയ്യാറായാല്‍ മാത്രമേ മോചനം സാധ്യമാകൂ. യെമെന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തവിട്ടതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. ഇതു പിന്നീട് ഇന്ത്യയിലെ യെമെന്‍ എംബസി നിഷേധിച്ചിരുന്നു.

നിമിഷപ്രിയയുടെ ബിസിനസ് പങ്കാളിയായിരുന്ന യെമെന്‍ പൗരന്‍ 2017-ലാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ നിമിഷപ്രിയക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്യുകയും 2018-ല്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കീഴ്ക്കോടതി വിധി യെമെനിലെ സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമെനിലെത്തി മകളെ മോചിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

Leave a Reply