ബഹിഷ്‌കരണത്തിന്റെ വക്കോളമെത്തിയ പാകിസ്താനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. പാക് ടീം പ്രതിഷേധവുമായി ഹോട്ടലിൽ തന്നെ തങ്ങിയതു കാരണം മുൻ നിശ്ചയിച്ചതിൽ നിന്ന് ഒരു മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഹസ്തദാന വിവാദമുണ്ടായ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ അമ്പയർമാരുടെ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക് ടീം ബഹിഷ്‌കര ഭീഷണി മുഴക്കിയത്. പൈക്രോഫ്റ്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് നൽകിയ രണ്ട് ഇ മെയിലും ഐസിസി തള്ളിയിരുന്നു. പൈക്രോഫ്റ്റിനെ മാറ്റാനാവില്ലെന്ന് ഐസിസി വ്യക്തമാക്കിയതോടെ പാക് ക്രിക്കറ്റ് ബോർഡ് ആസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. മത്സരത്തിൽ കളിക്കാനായി യുഎഇ താരങ്ങൾ ആറരയോടെ ദുബായ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിലെത്തിയെങ്കിലും പാക് താരങ്ങൾ ഹോട്ടലിൽ നിന്ന് പുറപ്പെടാതിരുന്നതാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയിരുന്നു
പിന്നീട് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്വിയുടെ ഇടപെടലിലാണ് പാകിസ്ഥാൻ കളിക്കാൻ തയാറായത്

