ആലപ്പുഴ, ചെന്നിത്തല നവോദയ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ദേശീയ ബാസ്‌ക്കറ്റ്ബോൾ താരവുമായ നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ വിശദമായ റിപ്പോർട്ട് തേടി . ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോട് നേരിട്ട് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം .റാഗിങ്ങ് സംബന്ധിച്ച സൂചനകൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി സ്‌കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുമായി കൂടികാഴ്ച്ച നടത്തി. വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.ആറാട്ടുപുഴ സ്വദേശിയായ നേഹ ആറാം ക്ലാസ് മുതൽ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. ഇന്ന് പുലർച്ചെയാണ് ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

