കൊച്ചിയിൽ പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദം സാധാരണ നിലയിൽ തുടരുകയാണ്. സ്വയം ശ്വാസമെടുക്കാൻ ആരംഭിച്ചു.
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ക്രിട്ടിക്കൽ കെയർ, കാർഡിയോളജി, ന്യൂറോളജി, ഗാസ്ട്രോ എൻട്രോളജി, ഒഫ്താൽമോളജി വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരുൾപ്പെടുന്നതാണ് സംഘം. ഞായറാഴ്ചത്തെ പരിപാടിയുടെ അവസാനത്തോടെ ഹോട്ടലിൽ കുഴഞ്ഞുവീണ രാജേഷിനെ ഉടൻ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടൻ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കരിയർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളിലും ടോക് ഷോകളിലും അവതാരകനായെത്തി. ‘ബ്യൂട്ടിഫുൾ’, ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘ഹോട്ടൽ കാലിഫോർണിയ’, ‘നീന’, ‘തട്ടുംപുറത്ത് അച്യുതൻ’ എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളിൽ രാജേഷ് അഭിനയിച്ചിട്ടുണ്ട്.

