കേരളത്തിന്റ സമാനതകളില്ലാത്ത ധീരസമരനായകൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് അന്ത്യവിശ്രമം. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാതിരാനേരത്തും കാത്തുനിന്നത്.
വി എസുമായി ഏറെ വൈകാരിക ബന്ധമുള്ള നാടായ കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോൾ നേരം അർദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ള വൻജനാവലിയാണ് കണ്ണേ.. കരളേ വി എസ്സേ എന്ന് മുദ്രാവാക്യം മുഴക്കി കാത്തുനിന്നത്. കനത്ത മഴ കണ്ടില്ലെന്ന് വച്ച് വി എസ്സിനെ വഹിച്ചുകൊണ്ടുള്ള വാഹനത്തിൽ ഒരു വട്ടമെങ്കിലും തൊടാൻ, പ്രിയ സഖാവിനെ അവസാനമായി ഒരു നോക്കെങ്കിലും കാണാൻ കണ്ണീരൊഴുക്കി ജനസഞ്ചയം കാത്തുനിൽക്കുന്ന കാഴ്ച മലയാളിക്ക് ആരാണ് വി എസ്സ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. നേരം പുലർന്നിട്ടും വിലാപയാത്രയ്ക്ക് ആലപ്പുഴ ജില്ലയിലേക്ക് കടക്കാനായില്ല. നതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാനമായി കാണാനായി റോഡിനിരുവശങ്ങളിലും വൻ ജനക്കൂട്ടമാണുള്ളത്.
ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങികൊണ്ട് ഇപ്പോൾ ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. വിഎസിൻറെ വിലാപയാത്ര കരിയിലകുളങ്ങര പിന്നിട്ടിട്ടുണ്ട്. പ്രിയ സഖാവിനെ കാത്തിരിക്കുകയാണ് പുന്നപ്ര വയലാറിൻറെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിൻറെ സ്നേഹം താണ്ടിയാണ് വിഎസിൻറെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം. ഇന്നലെ രാവിലെ ദർബാർ ഹാളിലെ പൊതുദർശനത്തിലും ആയിരങ്ങൾ വിഎസിന് അന്ത്യഞ്ജലി അർപ്പിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. കഴിഞ്ഞ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവഗുരുതമാണെന്നറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർ ആശുപത്രിയിലെത്തി വിഎസിനെ സന്ദർശിച്ചിരുന്നു.
കയർത്തൊഴിലാളിയായിരിക്കെ, കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിന്റെ ഉള്ളിലെ സമരാഗ്നിയെ കണ്ടെത്തിയത്. അസാമാന്യമായ നിശ്ചയദാർഢ്യവും വി.എസിൽക്കണ്ട കൃഷ്ണപിള്ള, നാല്പതുകളുടെ ആദ്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്തുന്നതിനും കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും വേണ്ടി അദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. അവിടെ നിന്നും വിഎസ് അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു.
കർഷകത്തൊഴിലാളികൾക്ക് അന്തസ്സാർന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കണമെന്ന കൃഷ്ണപിള്ളയുടെ നിർദേശം അതേപടി സ്വീകരിച്ച വി.എസ്. തന്റെ നിരന്തര പോരാട്ടത്തിലൂടെ ജോലിസമയം ക്ലിപ്തപ്പെടുത്തുന്നതും കൂലിവർധിപ്പിക്കുന്നതും സാധ്യമാക്കി. അത് കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് വഴിവെക്കുന്നതിനും ഇടയായി. തുടർന്നിങ്ങോട്ട് വി.എസിന്റെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിനാണ് രാഷ്ട്രിയ കേരളം സാക്ഷിയായത്.
പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. അതുപോലെ തന്നെ പാർട്ടി തന്റേതാണെന്ന വി.എസിന്റെ ഉറച്ചവിശ്വാസത്തിൽ പാർട്ടിയിൽ തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തീരുമാനങ്ങളെ പരസ്യമായി എതിർക്കുന്നതും നടപടി വരുമ്പോൾ ഒന്നും മിണ്ടാതെ സ്വീകരിക്കുന്നതും വിഎസ് എന്ന സഖാവിനെ വ്യത്യസ്തനാക്കി.
മണ്ണിനും മനുഷ്യനും വേണ്ടി പോരാട്ടത്തിൽ ഏതറ്റം വരെ പോകാനും വി.എസിന് മടിയുണ്ടായിരുന്നില്ല. ദുർഘട പാതകളോ വമ്പൻമാരുടെ അനിഷ്ടമോ സ്വന്തം പാർട്ടിയുടെ നിലപാടുകളോ തടസ്സമായതുമില്ല. കേരളം ചർച്ച ചെയ്ത ഗൗരവപ്പെട്ട വിഷയങ്ങളിൽ മിക്കതിനും തീ കൊളുത്തിയത് ജീവിതം സമരമാക്കിയ വി.എസായിരുന്നു. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹത്തിൻറെ രീതി. ഏതാണ്ട് എല്ലാ ജില്ലകളിലും അദ്ദേഹത്തിൻറെ സമരച്ചൂടിന് സാക്ഷ്യമുണ്ട്.
രാഷ്ട്രിയ ജീവിതത്തിലെ കനൽവഴികളിലൂടെയുള്ള ദീർഘയാത്രയിൽ കഠിനാധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. മുഖ്യമന്ത്രിയാപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും അതിൽ മാറ്റം വന്നില്ല. ഒരു ഘട്ടത്തിലും പതറാതെ ജ്വലിച്ചു നിന്ന ആ വിപ്ലവ സൂര്യൻ ഇനി അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണ്.

