ദേശീയപാത സമയബന്ധിതമായി പൂർത്തിയാക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരളത്തിലെ ഒരു ആശ്വാസ പദ്ധതിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറുവരിയെന്ന് മന്ത്രി റിയാസ് പറഞ്ഞു.
ലോകത്തെവിടെയുമുള്ള മലയാളികളുടെ കാലങ്ങളായുള്ള സ്വപ്ന പദ്ധതിയാണിത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്. ദേശീയപാതയുമായി ബന്ധപ്പെട്ട നാൾവഴികളൊന്നും ഇപ്പോൾ പറയുന്നില്ല. അതെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്.
2016 ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടു മാത്രമാണ് ഈ പദ്ധതി ഇത്ര വലിയ ശതമാനം പൂർത്തീകരിക്കുന്ന സ്ഥിതിയുണ്ടായത്. അത് പരിപൂർണമായും സമയബന്ധിതമായും പൂർത്തീകരിക്കുക എന്നത് ലോകത്തെവിയെയുമുള്ള മലയാളികൾ ആഗ്രഹിക്കുന്നുണ്ട്. ഇത് എപ്പോൾ പൂർത്തിയാകും, എങ്ങനെ പൂർത്തീകരിക്കാനാകും ഇവ കേന്ദ്രവുമായി ചർച്ച ചെയ്യും.

