Headlines

‘ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചു’; ബംഗളൂരു ദുരന്തത്തിൽ കോഹ്ലിക്ക് എതിരെ പരാതി

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിരാട് കോഹ്ലിക്ക് എതിരെ പരാതി. ബംഗളൂരു കബൺപാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവർത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരൻ.

‘ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തിൽ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരിൽ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാൽ, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്‌ഐആറിൽ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴിൽ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.

അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര എന്നിവർക്കെതിരെ ബിജെപി പരാതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കർണാടക ബിജെപി ജനറൽ സെക്രട്ടറി പി രാജീവാണ് പരാതിക്കാരൻ. ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിലേക്ക് നയിച്ച സംഭവത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി സിദ്ധരാമയ്യയും രണ്ടാം പ്രതി ഡി.കെ. ശിവകുമാറുമാണ്. ആർസിബി വിജയത്തിൽ നിന്ന് ഇരുവരും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമം നടത്തി. അധികാരം ദുരുപയോഗം ചെയ്തു. ഇതാണ് മരണങ്ങൾ സംഭവിക്കും വിധത്തലുള്ള ദുരന്തത്തിലേക്ക് നയിച്ചത്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ ആണ് ജി പരമേശ്വരയ്ക്ക് എതിരെ പരാതി നൽകിയത്. അദ്ദേഹത്തിന്റെ അശ്രദ്ധ സംഭവിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പരാജയപ്പെട്ടെന്നും പി രാജീവ് ആരോപിക്കുന്നു.

Leave a Reply