ദുബായിൽ വാഹന ലൈസൻസിങ് സേവനങ്ങൾ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കൂടുതൽ കാര്യക്ഷമമാക്കുന്നു. ലൈസൻസിങ് സേവനങ്ങൾ സംയോജിപ്പിച്ചും ഏകീകരിച്ചുകൊണ്ടും മൊത്തം സേവനങ്ങളുടെ എണ്ണം 54-ൽനിന്ന് 14 ആക്കി കുറച്ചു. ഉപഭോക്തൃ സന്തോഷം വർധിപ്പിക്കാനും തടസ്സമില്ലാത്തതും സുരക്ഷിതവുമായ സേവനം കൃത്യമായി വേഗത്തിൽ ലഭ്യമാക്കാനും ഇതിലൂടെയാവും.360 കോംപ്രിഹെൻസീവ് സർവീസസ് പദ്ധതിയുടെ ഭാഗമായാണിതെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
ഏകീകൃത ദുബായ് നൗ ആപ്പ് വഴി ഇപ്പോൾ ഒന്നിലേറെ ഏകീകൃത ഡിജിറ്റൽ ലൈസൻസിങ് സേവനങ്ങൾ ലഭ്യമാണ്. യുഎഇ പാസ് ഡിജിറ്റൽ ഐഡന്റിറ്റി വഴി ഇലക്ട്രോണിക് സിഗ്നേച്ചർ പ്രവർത്തനം ആരംഭിച്ചു. ഇത് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പൊതുഗതാഗത ഉപയോക്താക്കൾക്കും സേവനം നൽകുന്ന ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. ഇതിലൂടെ എല്ലാ ആർടിഎ സേവനങ്ങളിലേക്കും പ്രവേശനം ലഭിക്കും.പ്രധാനവാഹന ലൈസൻസിങ് സേവനങ്ങളിൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും അപേക്ഷിക്കാം. നേരത്തെ ഈ പ്രക്രിയയ്ക്ക് 13 ഘട്ടങ്ങൾ കടക്കണമായിരുന്നു. ഇപ്പോഴിത് ഒരൊറ്റ കാര്യക്ഷമമായ ഇടപാടായി ഏകീകരിച്ചു. കൂടാതെ ഒട്ടേറെ സേവനങ്ങളുടെ പേരുകൾ പരിഷ്‌കരിച്ചു.
എക്‌സ്പോർട്ട്, ട്രാൻസ്ഫർ എന്നിവയുമായി ബന്ധപ്പെട്ട ആറ് സേവനങ്ങൾ ‘വാഹന രജിസ്ട്രേഷൻ റദ്ദാക്കൽ’ എന്ന പേരിൽ ഒരൊറ്റ ഏകീകൃത സേവനത്തിലേക്ക് ലയിപ്പിച്ചു. ലൈസൻസിങ് സേവനങ്ങൾ പൂർത്തിയാക്കുന്നതിലെ അവസാനപടിയായ വാഹന നമ്പർ പ്ലേറ്റുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് സ്വീകരിക്കാൻ പ്രത്യേക ഒപ്ഷനുമുണ്ട്. നേരത്തെ ഡെലിവറി കമ്പനികളുമായി ഏകോപിപ്പിച്ചായിരുന്നു വാഹന നമ്പർ പ്ലേറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നത്. നേരിട്ട് ഹാജരാകാതെതന്നെ ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ പുതിയ സംവിധാനത്തിലൂടെയാകുമെന്നും അധികൃതർ വിശദമാക്കി.

