Headlines

ദുബായിയുടെ തീരമണഞ്ഞു കൂറ്റൻ പരിസ്ഥിതി സൗഹൃദ കപ്പൽ; കന്നി യാത്ര 1,200 വാഹനങ്ങളുമായി യൂറോപ്പിൽ നിന്ന്

ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കപ്പൽ എംവി ഹോഗ് സൺറൈസിന് ദുബായിൽ വൻ സ്വീകരണം. 1,200വാഹനങ്ങളുമായി യൂറോപ്പിൽ നിന്ന് ജബൽഅലി തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ആദ്യമായി യുഎഇയിലെത്തിയ കപ്പലിനെയും സംഘത്തെയും ജബൽഅലി തുറമുഖത്ത് ഡിപി വേൾഡ് സ്വീകരിച്ചു.
കാർബൺ രഹിത ഡിസൈനിൽ നിർമിച്ച ആദ്യ കപ്പലാണിത്. ഭാവിയിലെ ഇന്ധനമായ അമോണിയ, മെഥനോൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിവുള്ള ഈ കപ്പൽ സുസ്ഥിര ആഴക്കടൽ ഗതാഗതത്തിനും അനുയോജ്യം. 9,100 കാറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പൽ ഇതര കപ്പലുകളുമായി താരതമ്യം ചെയ്യുമ്പോൾ കാർബൺ മലിനീകരണം 58 ശതമാനം കുറയ്ക്കുന്നു. ചരിത്ര മുഹൂർത്ത സ്മരണയ്ക്കായി ജബൽഅലി തുറമുഖത്ത് ഫലകം അനാഛാദന ചെയ്തു. ചടങ്ങിൽ ഡിപി വേൾഡ് ജിസിസി ജനറൽ കാർഗോ ആൻഡ് റോറോ വൈസ് പ്രസിഡന്റ് അഹമ്മദ് ബദ്രി,മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഹോഗ് ഓട്ടോലൈനേഴ്സ് റീജനൽ ഹെഡ് ഓഫ് കൊമേഴ്സ്യൽ ഓപ്പറേഷൻസ് അറ്റാനു മൈതി എന്നിവരും പങ്കെടുത്തു.

ഹോഗ് സൺറൈസിന്റെ വരവ് മേഖലയുടെ ഓട്ടമോട്ടീവ് വ്യവസായത്തിന് ശക്തി പകരുമെന്ന് ഡിപി വേൾഡ് ജിസിസി സിഇഒയും മാനേജിങ് ഡയറക്ടറുമായ അബ്ദുല്ല ബിൻ ദമിത്താൻ പറഞ്ഞു. 2024ൽ ഡിപി വേൾഡ് ദുബായിൽ 13 ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്തു. മുൻ വർഷത്തേക്കാൾ 53.6 ശതമാനം വർധന. ഓട്ടമോട്ടീവ് വ്യാപാരത്തിൽ ദുബായുടെ പങ്ക് അടിവരയിടുന്നതാണ് ഈ നേട്ടം.

Leave a Reply