സമുഹമാധ്യമത്തിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തത്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസടുത്തത്.
പയ്യന്നൂരിൽ സ്വകാര്യ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവർത്തക കൂടിയായ യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതിൽ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ദീപക്കിന്റെ കുടുംബം മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

