ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാർട്ടി നേതാവ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായിരുന്ന പീപ്പിൾസ് പവർ പാർട്ടിയുടെ കിം മുൻ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായത്.ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചത്. പീപ്പിൾസ് പവർ പാർട്ടിക്ക് 41.15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ് 61 കാരനായ ലീ ജേ മ്യൂങ് അധികാരമേറ്റത്.
മൂന്നരക്കോടിയോളം ജനങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ സർവേകളിലും ലീയ്ക്ക് തന്നെയാണ് മുൻതൂക്കം പ്രവചിച്ചിരുന്നത്. 2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ ജേ മ്യൂങ് മത്സരിച്ചിരുന്നു. എന്നാൽ അന്ന് യുൻ സുക് യോളിനോട് നേരിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റായിരുന്ന യുൻ സുക് യോൾ കഴിഞ്ഞവർഷം ഡിസംബറിൽ പട്ടാളനിയമം പ്രഖ്യാപിച്ചതാണ് ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റിയത്. ആറുമണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനുശേഷം പാർലമെന്റ് പ്രമേയത്തിലൂടെ പട്ടാള നിയമം പിൻവലിച്ചു. തുടർന്ന് യോളിനെ പാർലമെന്റ് ഇംപീച്ച്‌ചെയ്തു. ഈ തീരുമാനം പിന്നീട് ഭരണഘടനാ കോടതി ശരിവെച്ചതോടെയാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

