Headlines

ത്യാഗത്തിൻറെയും ഐക്യത്തിൻറെയും ബലി പെരുന്നാൾ, പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം

ബലിപെരുന്നാൾ ആഘോഷ നിറവിൽ കേരളം. രാവിലെ 7 30ന് ഈദ്ഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരം നടന്നു. പുതുവസ്ത്രങ്ങൾ അണിഞ്ഞും സുഗന്ധം പൂശിയും ആയിരക്കണക്കിന് വിശ്വാസികളാണ് ബലിപെരുന്നാൾ നമസ്‌കാരത്തിന് എത്തിയത്. ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ജീവിതത്തിൻറെ ഓർമ്മകൾ പുതുക്കിയാണ് ബലിപെരുന്നാൾ ആഘോഷങ്ങൾ. യുഎഇ അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ബലിപെരുന്നാണെങ്കിൽ ചന്ദ്രപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇന്നാണ് ബലിപെരുന്നാൾ.

പാളയം മുസ്‌ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പെരുന്നാൾ നമസ്‌കാരം ഇന്ന് രാവിലെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സന്ദേശം നൽകും. സെൻട്രൽ സ്റ്റേഡിയം, മണക്കാട് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പ്, വള്ളക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബലിപെരുന്നാൾ പകരുന്നത് മാനവികതയുടെ സന്ദേശമാണെന്നും അപരന്റെ വേദനകളിലും സങ്കടങ്ങളിലും സാന്ത്വനം പകരാൻ വിശ്വാസികൾ പ്രയത്നിക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. വിട്ടൊഴിയാത്ത മാരികൾക്കും വിടുതലില്ലാത്ത തിരിച്ചടികൾക്കുമുള്ള മറുപടി ക്ഷമയും സഹനവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയുമാണെന്ന് ഓർമിപ്പിക്കുകയാണ് ബലിപെരുന്നാൾ എന്ന് മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

ഹജ് തീർഥാടനം സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്കു കടന്നു. മിനായിൽ ജംറയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കർമം തീർഥാടകർ പൂർത്തിയാക്കി. തുടർന്ന്, മക്കയിലെത്തി ബലിയർപ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിർവഹിച്ചതോടെ ഹജ്ജിന് അർധ വിരാമം. പിന്നീട്, പുതുവസ്ത്രമണിഞ്ഞ് തീർഥാടകർ പെരുന്നാൾ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും.

Leave a Reply