തൊഴിൽ മേഖലയിൽ റെക്കോർഡ് വളർച്ചയുമായി (12.4%) യുഎഇ. പുതിയ കമ്പനികളുടെ എണ്ണത്തിലുണ്ടായ വൻ വർധനയും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് നേട്ടത്തിലേക്കു നയിച്ചത്. 2025ൽ യുഎഇയിലെ കമ്പനികളുടെ എണ്ണത്തിൽ 7.8 ശതമാനം വളർച്ചയുണ്ടായി. ഇതോടെ രാജ്യത്തെ ആകെ കമ്പനികളുടെ എണ്ണം 14 ലക്ഷം കവിഞ്ഞു.
2024ലെ വളർച്ചാ നിരക്ക് 10.9% ആയിരുന്നു. സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം, ധനകാര്യം എന്നിവയിൽ വലിയ നിക്ഷേപം നടത്തിയത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമായി. ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജം, ഐടി എന്നീ മേഖലകളിലാണ് 2025ൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത്.
യുഎഇയിൽ ആകെ തൊഴിലാളികളിൽ 54.9% പേരും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ്. വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ 13% വർധനയുണ്ട്. മാനേജർ, ബിസിനസ് എക്സിക്യൂട്ടിവ് തുടങ്ങി ഉയർന്ന പദവികളിൽ ജോലി ചെയ്യുന്ന വനിതകളുടെ പ്രാതിനിധ്യം 17.4% വരും. സ്വകാര്യ കമ്പനികളിൽ 36% വനിതകൾ ജോലി ചെയ്യുന്നു. തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ 2021 മുതൽ 2025 വരെയുള്ള കാലയളവിൽ 101.92% വളർച്ച രേഖപ്പെടുത്തി.

