Headlines

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടക നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; ഗവർണർ സഭയിൽ നിന്നും ഇറങ്ങിപ്പോയി

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കർണാടക സർക്കാർ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനം അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായി. പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലേക്ക് ഗവർണർ തവർചന്ദ് ഗെഹലോട്ട് എത്തിയെങ്കിലും, മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച ശേഷം അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ലോക്ഭവൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സർക്കാർ വഴങ്ങാതെ വന്നതോടെയാണ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രം സഭയിൽ എത്തി ഗവർണർ മടങ്ങിയത് . ഗവർണറുടെ നടപടിയെ ശക്തമായി വിമർശിച്ച് ഭരണകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി.
ഗവർണർക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കൂടാതെ, ഗവർണറുടെ നടപടികളുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു

Leave a Reply