Headlines

തൃശ്ശൂരിലെ ലുലു മാൾ നിർമ്മാണം; വിവാദത്തിന് പിന്നാലെ പ്രതികരണവുമായി എം എ യൂസഫലി

തൃശ്ശൂർ ലുലു മാൾ പദ്ധതിയിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ?ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമത്തിന് അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുവൈത്തിൽ പറഞ്ഞു.

തൃശൂരില് ലുലു മാൾ വരാത്തത് ഒരു പാർട്ടിയുടെ ഇടപെടൽ മൂലമെന്ന എംഎ യൂസഫലിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. തൃശ്ശൂർ മാനേജ്‌മെൻറ് അസോസിയേഷൻ ആസ്ഥാന മന്ദിരോദ്ഘാടനച്ചടങ്ങിലാണ് പാർട്ടിയുടെയും പരാതിക്കാരൻറെയും പേരുപറയാതെ യൂസഫലി വെടിപൊട്ടിച്ചത്. പിന്നാലെയാണ് വരന്തരപ്പിള്ളിയിലെ സിപിഐ ലോക്കൽ കമ്മിറ്റി അംഗവും കിസാൻ സഭയുടെ നേതാവുമായ മുകുന്ദൻ താനാണ് ആ പരാതിക്കാരനെന്ന് വ്യക്തമാക്കുന്നത്. പിന്നാലെ നിർദ്ദിഷ്ട സ്ഥലത്തെച്ചൊല്ലി വിവാദം ഉയരുകയും ചെയ്തു. നെൽവയൽ പരിവർത്തനപ്പെടുത്തിയതിനെതിരെയാണ് താൻ പരാതിയുമായി പോയതെന്ന് പ്രാദേശിക സിപിഐ നേതാവും പരാതിക്കാരനുമായ ടിഎൻ മുകുന്ദൻ പറഞ്ഞു. യൂസഫലിയുടെ ലുലു മാൾ മുടക്കിയതിൻറെ തൊപ്പി സിപിഐയുടെ തലയിൽ വയ്‌ക്കെണ്ടെന്ന് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു.

പുഴയ്ക്കലിലെ ഹയാത്ത് റീജൻസിയോട് ചേർന്ന ഒരേക്കറോളം വരുന്ന സ്ഥലമാണ് ലുലുവിനായി കണ്ടെത്തിയിരുന്നത്. ചിരിയങ്കണ്ടത്ത് കാരുടെ ഉടമസ്ഥലയിലായിരുന്നു ഈ സ്ഥലം ഉണ്ടായിരുന്നത്. പന്നിക്കര കിണി പാടശേഖരത്തിലുൾപ്പെടുന്നതായിരുന്നു ഇത്. ജിയോളജിസ്റ്റിൻറെ അനുമതിയോടെ ഉടമകൾ കളിമണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയതോടെയാണ് സിപിഐ നേതാവായ മുകുന്ദൻറെ പരാതിയുടെ തുടക്കം. പരാതിയെത്തുടർന്ന് ജിയോളജിസ്റ്റിൻറെ പെർമിറ്റ് റദ്ദാക്കി. സ്ഥലം ഉടമകൾ ഭൂമി പരിവർത്തനം ചെയ്യുന്നതിന് ആർഡിഒയ്ക്ക് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. ലാൻറ് റവന്യൂ കമ്മീഷ്ണർക്ക് അപ്പീൽ പോയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഈ ഘട്ടത്തിലാണ് ഭൂമി ലുലു വാങ്ങുന്നത്. മതില് കെട്ടുകയും കുളം കുഴിക്കുകയും ചെയ്തതോടെ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവർക്ക് മുന്നിൽ മുകുന്ദൻ പരാതിയുമായെത്തി. പിന്നാലെ സ്റ്റോപ്പ് മെമ്മോ.

പിന്നാലെ ലുലുവിൻറെ അപേക്ഷയിൽ ആദ്യം ഡാറ്റാബാങ്കിൽ നിന്നും പിന്നീട് ഭൂമീ തരംമാറ്റിയും നൽകി.തരം മാറ്റുന്നതിന് എട്ട് കോടി എൺപത് ലക്ഷം നിയമാനുസൃത ഫീസ് സർക്കാരിൽ അടയ്ക്കുകയും ചെയ്തു. ഭൂമി പരിവർത്തനം സംബന്ധിച്ച പരാതി ജില്ലാ കളക്ടറുടെ മുന്നിലുണ്ടായിരുന്നു. കളക്ടർ ഹിയറിങ്ങ് വിളിച്ചതോടെ അതിനെ ലുലു ഗ്രൂപ്പ് ഹൈക്കോടതിയിൽ ചലഞ്ച് ചെയ്തു. കേസിൽ മുകുന്ദനും കക്ഷി ചേർന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം കളക്ടർ ആർഡിഒയിൽ നിന്നും കൃഷി ഓഫീസറിൽ നിന്നും തൽസ്ഥിതി റിപ്പോർട്ട് തേടി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Leave a Reply