തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകി.പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമാണെന്ന് ഡിജിപിയും റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. പ്രശ്നങ്ങളുണ്ടായപ്പോൾ റവന്യൂ മന്ത്രി വിളിച്ച് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അജിത് കുമാർ ഫോണെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലങ്ങിയതിൽ സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ ഔദ്യോഗിക വീഴ്ചയിൽ ഡിജിപി തല അന്വേഷണം. അന്വേഷണം പ്രഖ്യാപിച്ച് 11 മാസം പിന്നിടുമ്പോഴാണ് ഡിജിപി റിപ്പോർട്ട് നൽകിയത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് പൂരം നടക്കുമ്പോൾ അജിത് കുമാർ തൃശൂരിലെത്തിയത്. തൃശൂരിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിരുന്നു. അതിനിടെ കമ്മീഷണറായിരുന്ന അങ്കിത് അശോകും സംഘാടകരുമായി വാക്ക് തർക്കമുണ്ടായത് മന്ത്രി കെ രാജൻ എഡിജിപിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രിയിൽ സ്ഥലത്തുണ്ടെന്നും എല്ലാത്തിനും മേൽനോട്ടം നൽകുമെന്നും എഡിജിപി പറഞ്ഞിരുന്നുവെന്നാണ് മന്ത്രിയുടെ മൊഴി .രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോൾ മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോൺ എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.

