തൃശൂർ മുളങ്കുന്നത്ത് കാവിലെ ഒരു സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് പ്രദേശത്ത് പന്നിമാംസം വിതരണം നിയന്ത്രിക്കുകയും രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ ആരംഭിക്കുകയും ചെയ്തു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേന പ്രവർത്തനം തുടങ്ങി. രോഗബാധ സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ‘രോഗബാധിത മേഖല’യും പത്ത് കിലോമീറ്റർ പരിധിയിൽ ‘രോഗ നിരീക്ഷണ മേഖല’യും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്നുള്ള പന്നിമാംസം വിതരണം, വിൽപ്പനശാലകളുടെ പ്രവർത്തനം, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകൽ തുടങ്ങി എല്ലാം നിയന്ത്രണവിധേയമാക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി.കേന്ദ്ര സർക്കാരിന്റെ പ്ലാൻ ഓഫ് ആക്ഷൻ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. രോഗം ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ തന്നെ മുൻകരുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു

