ജോലിക്ക് ഹാജരാകാതെ വിട്ടുനിൽക്കുന്ന ഗാർഹിക തൊഴിലാളിയെ തൊഴിലുടമയ്ക്ക് നിയമപരമായി പിരിച്ചുവിടാൻ അനുവദിക്കുന്ന പുതിയ വ്യവസ്ഥ നിലവിൽ വന്നു. കരാർ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭത്തിന്റെ ഭാഗമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ ദേശീയ ഏകീകൃത റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘മുസനെദ്’ ആണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം, ഗാർഹിക തൊഴിലാളി ജോലി ചെയ്യുന്നത് അവസാനിപ്പിക്കുകയോ, തൊഴിലെടുക്കാൻ തുടരെ ഹാജരാകാതിരിക്കുകയോ ചെയ്താൽ 60 ദിവസത്തിനുള്ളിൽ അവരുടെ നിയമപരമായ സ്റ്റാറ്റസ് ക്രമീകരിക്കണം. ഒരു തൊഴിലാളി രാജ്യത്ത് പ്രവേശിച്ചതിന്റെ ആദ്യ രണ്ട് വർഷത്തിനുള്ളിൽ ഒരു കരാർ അവസാനിപ്പിക്കുകയാണെങ്കിൽ, തൊഴിലാളി 60 ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്യാത്ത പക്ഷം രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നതായി കണക്കാക്കും. എന്നാൽ 2 വർഷത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുന്ന തൊഴിലാളികൾ 60 ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് വീസ നേടുകയോ പുതിയ തൊഴിലുടമയിലേക്ക് മാറുകയോ വേണം. അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് ജോലിയിൽ നിന്ന് ഹാജരാകാതിരിക്കുന്നതിന്റെയും ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും. ജോലി അവസാനിപ്പിച്ചാൽ, തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ‘മുസാനിദ്’ വഴി തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാൻ സാധിക്കും.
പുതിയ വീസയിൽ സൗദിയിലെത്തി രണ്ടു വർഷത്തെ കാലാവധി തികയ്ക്കാത്തവരാണെങ്കിൽ, ജോലിയിൽ നിന്നും വിട്ടുനിൽക്കുന്ന പക്ഷം പ്രസ്തുത വിവരം തൊഴിലുടമ ‘മുസാനിദ്’ പ്ലാറ്റ്ഫോമിലൂടെ തൊഴിൽ മന്ത്രാലയത്തെ അറിയിച്ചുകഴിഞ്ഞാൽ 60 ദിവസത്തിനകം തൊഴിലാളി നിർബന്ധമായും സൗദിയിൽ നിന്ന് പുറത്തുപോകേണ്ടതാണ്. രണ്ടുവർഷം പൂർത്തീകരിച്ചവരാണെങ്കിൽ ഒന്നുകിൽ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുകയോ അല്ലാത്തപക്ഷം 60 ദിവസത്തിനകം സൗദിയിൽ നിന്ന് പുറത്തുപോവുകയോ വേണം. ഈ പുതിയ നിയമങ്ങൾ പാലിക്കാതെ 60 ദിവസം കഴിഞ്ഞ തൊഴിലാളിയെ തൊഴിലിടത്തിൽ നിന്ന് ഒളിച്ചോടിയതായി കണക്കാക്കി നിയമലംഘകനായി പരിഗണിക്കും.
റിക്രൂട്ട്‌മെന്റ് മേഖലയെ നിയന്ത്രിക്കുന്നതിനും, കരാർ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും, അനുസരണവും സുതാര്യതയും വർധിപ്പിക്കുന്നതിനും, ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനം.

