ഈ മാസം 3-ന്, തീ പിടിച്ച ചർക്കുകപ്പൽ ‘മോർണിംഗ് മിഡാസ്’ മുങ്ങിയതായി അധികൃതർ അറിയിച്ചു. കപ്പലിനെ കരക്കെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് കപ്പൽ മുങ്ങിയത്. 880 ഇലക്ട്രിക് വാഹനങ്ങളടക്കം ഏകദേശം 3,000 വാഹനങ്ങളാണ് കപ്പലിൽ ഉണ്ടായിരുന്നത് .അലാസ്‌കയിലെ അലൂഷ്യൻ ദ്വീപ് ശൃംഖലയ്ക്ക് സമീപത്ത് വെച്ചാണ് കപ്പലിന് തീപിടുത്തം ഉണ്ടായത് . ജൂൺ 23ന് ഏകദേശം 5,000 മീറ്റർ ആഴത്തിലും കരയിൽ നിന്ന് 360 നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പൽ മുങ്ങിയത്.
കപ്പൽ മുങ്ങിയതിനെ തുടർന്ന് മലിനീകരണ സാധ്യതക്കുള്ള ആശങ്കയുയർന്നു. എന്നാൽ, പ്രകടമായ മലിനീകരണമൊന്നുമില്ലെന്ന് അലാസ്‌ക ആസ്ഥാനമായുള്ള യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് പെറ്റി ഓഫീസർ കാമറൂൺ സ്‌നെൽ എപിയോട് പറഞ്ഞു. മലിനീകരണത്തിനെതിരെ പ്രതികരിക്കാൻ ഇപ്പോൾ മറ്റ് കപ്പലുകൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത കാലാവസ്ഥയാണ് തീപിടുത്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ വർദ്ധിപ്പിച്ചതെന്നും കപ്പലിനുള്ളിൽ വെള്ളം കയറിയതിനാൽ മുങ്ങിപ്പോയെന്നും സോഡിയാക് മാരിടൈം പ്രസ്താവനയിൽ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾ നിറച്ച് ഡെക്കിൽ നിന്നാണ് തീപിടിച്ചതെന്ന് കരുതുന്നു. 600 അടി (183 മീറ്റർ) നീളമുള്ള മോർണിംഗ് മിഡാസ് എന്ന ലൈബീരിയൻ കപ്പൽ 2006ലാണ് നീറ്റിലിറക്കിയത്. മെയ് 26 ന് ചൈനയിലെ യാന്റായിയിൽ നിന്നാണ് കപ്പൽ കാറുകളുമായി പുറപ്പെട്ടത്. മെക്‌സിക്കോയിലെ ലസാരോ കാർഡെനാസ് തുറമുഖത്തേക്കായിരുന്നു കപ്പലിന്റെ യാത്ര.

