Headlines

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: രണ്ട് പ്രതികൾ കീഴടങ്ങി; കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ

തിരുവല്ലയിലെ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കിരൺ, സജിൻ എന്നിവരാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ആറു പ്രതികളും പൊലീസിന്റെ പിടിയിലായി.നേരത്തെ, ‘വൊക്കൻ’ എന്നറിയപ്പെടുന്ന പ്രശോഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. കേസിലെ മുഖ്യപ്രതി കാപ്പാ കേസുകളിൽ പ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ ഇതിനുമുമ്പ് തന്നെ അറസ്റ്റിലായിരുന്നു.

ഗുണ്ടാപിരിവ് നൽകാത്തതിന്റെ പേരിലാണ് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറയുന്നു. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന ആരോപണവും അന്വേഷണ പരിധിയിലാണ്.ബലാത്സംഗത്തിന് സ്പായിലെ ഒരു സഹപ്രവർത്തകയുടെ ഒത്താശ ഉണ്ടായിരുന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ പൊലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്. ബന്ധപ്പെട്ട സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന.
ഇതോടൊപ്പം, സ്പാകളിൽ നിന്നുള്ള മാസപ്പടി പിരിവ്, ഗുണ്ടാബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, കാപ്പാ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് മുഖ്യപ്രതി മരണ സുബിൻ വീണ്ടും ഈ കേസിൽ പ്രതിയായത്.

Leave a Reply