Headlines

തിരുവനന്തപുരം കോർപ്പറേഷനില സീറ്റ് വിഭജനം: യുഡിഎഫിൽ തർക്കം രൂക്ഷം;തിരുവനന്തപുരത്ത് സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്

തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമായി. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കേരള കോൺഗ്രസ് സ്വതന്ത്രമായി മത്സരിക്കുമെന്ന് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 18 ഡിവിഷനുകളിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു.

യുഡിഎഫിന്റെ മേയർ സ്ഥാനാർഥി കെ. എസ്. ശബരീനാഥൻ മത്സരിക്കുന്ന കവടിയാർ ഡിവിഷനിലും കേരള കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇവിടെ സാമുദായിക സംഘടനകളുടെ പിന്തുണയുള്ള ജോസഫ് അലക്സാണ്ടറാണ് സ്ഥാനാർഥി.
സീറ്റ് ചർച്ചകളിൽ ആർഎസ്പിക്ക് 5 സീറ്റുകളും സിഎംപിക്ക് 3 സീറ്റുകളും നൽകാനായിരുന്നു ധാരണ. എന്നാൽ കേരള കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. 2020-ൽ കേരള കോൺഗ്രസ് മത്സരിച്ച പൂന്തുറ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തതും സംഘർഷത്തിന് കാരണമായി. ഇതിന്റെ തുടർച്ചയായി പാർട്ടി 32 വാർഡുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള നിലപാട് സ്വീകരിച്ചു.

പൂന്തുറ, വിഴിഞ്ഞം പോർട്ട്, സൈനിക സ്‌കൂൾ എന്നീ ഡിവിഷനുകളിൽ ഒറ്റയ്ക്ക് മത്സരിച്ചാൽ വിജയിക്കാമെന്ന അവകാശവാദത്തിലാണ് കേരള കോൺഗ്രസ്.
തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചെങ്കിലും വിജയ സാധ്യതയുള്ള ഒരു സീറ്റ് എങ്കിലും ലഭിച്ചില്ലെങ്കിൽ മത്സര രംഗത്ത് നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

Leave a Reply