ഒരു തെരഞ്ഞെടുപ്പ് വിജയം എന്നത് മുഴുവൻ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും വിജയത്തിന് എല്ലാവരും അവകാശികളാണെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമർശം. പിണറായിസത്തിനും സതീശനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന പി.വി അൻവറിന്റെ പരാശമർശം സംബന്ധിച്ച ചോദ്യത്തിന് ‘സതീശനിസം എന്നൊന്നില്ലെന്നും ഞങ്ങളാരും അങ്ങനെ പറയാറില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
‘സതീശനിസം എന്നൊന്നില്ല. താനും ഉമ്മന്‍ ചാണ്ടിയും ഒരുമിച്ച് പതിനെട്ടോളം തിരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം കൊടുത്തവരാണ്. ആ തിരഞ്ഞെടുപ്പുകളിലെല്ലാംതന്നെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രവര്‍ത്തിച്ചതാണ്. പക്ഷേ, ഞങ്ങളാരും അതങ്ങനെ പറയാറില്ല. അതിന്റെ ആവശ്യവും ഇല്ല. കാരണം ഒരു തിരഞ്ഞെടുപ്പ് വിജയം എന്ന് പറയുന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണ്. അതുകൊണ്ട് എല്ലാവരും ആ വിജയത്തിന് അവകാശികളാണ്’, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെ ചെറുപ്പക്കാരായ നേതാക്കള്‍ കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും വേണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു. ‘ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചെറുപ്പക്കാരാണ്. അവര്‍ കുറേക്കൂടി ഗൗരവമായി കാര്യങ്ങളെ കാണുകയും വിലയിരുത്തുകയും വേണം. തിരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും സൂക്ഷ്മത ആവശ്യമാണ്. നമ്മുടെ ഒരു ചെറിയ ചലനംപോലും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന് മനസിലാക്കണം’, ചെന്നിത്തല വ്യക്തമാക്കി.

