താര സംഘടനയായ അമ്മയിൽ മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്താൻ ധാരണയായി. ഇന്ന് കൊച്ചിയിൽ ചേർന്ന അമ്മ ജനറൽ ബോഡിയിലെ നിർണായക ചർച്ചകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ എത്തിയത്.
നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും.
അവസാനഘട്ടത്തിൽ പ്രസിഡന്റായി തുടരാൻ ഇടക്ക് മോഹൻലാൽ വിസമ്മതിച്ചെങ്കിലും നിലവിലുള്ള അഡ്‌ഹോക്ക് കമ്മറ്റി തുടരട്ടെ എന്നും മോഹൻലാൽ തന്നെ നയിക്കണമെന്നുമുള്ള ആവശ്യത്തിലാണ് ഭൂരിപക്ഷം താരങ്ങളും എത്തിയത്.
നേരത്തെ മോഹൻലാലിനെ വീണ്ടും എതിരില്ലാതെ പ്രസിഡന്റായി തെരഞ്ഞെടുക്കും എന്നാണ് വാർത്തകൾ വന്നിരുന്നത്. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലാണ് അമ്മയുടെ വാർഷിക പൊതു യോഗം നടന്നത്. സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ എടുക്കേണ്ട തീരുമാനങ്ങളും ഇന്ന് ജനറൽ ബോഡിയിൽ ചർച്ച ചെയ്തുവെന്നാണ് വിവരം.
13 കൊല്ലത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ അമ്മയുടെ യോഗത്തിന് എത്തിയതും ശ്രദ്ധേയമായി. 2012ൽ വാഹനാപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. യോഗത്തിൽ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു

