നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂർ എം.പിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. നിലമ്പൂരിലേക്ക് വിളിക്കാൻ ആരുടെയും സംബന്ധമല്ല നടക്കുന്നത്. ആരെയും ക്ഷണിച്ചിട്ടല്ല നിലമ്പൂരിലെത്തിയതെന്നും നേതാക്കന്മാർ അവരുടെ സൗകര്യം അറിയിച്ച് എത്തിയതാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി തരൂരിന്റെ കൂറ് നരേന്ദ്ര മോദിയോടും ശരീരം കോൺഗ്രസിലുമായാണ് നിൽക്കുന്നതെന്നും ഉണ്ണിത്താൻ വിമർശിച്ചു. “നിലമ്പൂരിലേക്ക് വിളിക്കാൻ ആരുടെയും സംബന്ധമല്ലല്ലോ അവിടെ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഒരു കോൺഗ്രസ് നേതാവിനെയും വിളിച്ചിട്ടല്ല അവിടെ പോയത്. കോൺഗ്രസിനോട് കൂറും വിധേയത്വവും പ്രതിബദ്ധതയുമുള്ള എല്ലാ നേതാക്കന്മാരും, അവർക്ക് ഏതൊക്കെ ദിവസമാണ് വരാൻ സൗക്യമുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കുകയും സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി തരൂരിന്റെ കൂറ് നരേന്ദ്ര മോദിയോടും ശരീരം കോൺഗ്രസിലുമായാണ് നിൽക്കുന്നത്. പുള്ളിയുടെ ഏറ്റവും വലിയ തമാശകളിലൊന്നാണ് രാജ്യതാൽപര്യത്തെ കുറിച്ച് പറയുന്നത്. രാജ്യതാൽപര്യം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിതാൽപര്യം തന്നെയാണ്. അതിൽ തർക്കം വേണ്ട. പൂച്ച പാല് കുടിക്കുമ്പോ ആരും കാണുന്നില്ലെന്നാ അതിന്റെ ധാരണ. ശശി തരൂർ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് അദ്ദേഹമൊഴിച്ച് എല്ലാവർക്കുമറിയാം. ഇനിയൊരിക്കൽ ഐക്യരാഷ്ട്ര സഭയിലേക്ക് മത്സരിക്കാൻ അദ്ദേഹത്തിന് താൽപര്യം കാണും. മോദി അദ്ദേഹത്തെ പിന്തുണക്കുമായിരിക്കും”-ഉണ്ണിത്താൻ പറഞ്ഞു.

