തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. വിവിധ വകുപ്പ് മേധാവികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയായിരിക്കും വിദഗ്ധസമിതി മന്ത്രിക്ക് റിപ്പോർട്ട് നൽകുക.
ഉപകരണങ്ങൾ വാങ്ങുന്ന കാര്യത്തിൽ അടക്കമുള്ള നൂലാമാലകൾ ലഘൂകരിക്കണമെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങി എന്ന യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമഗ്ര അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.

