ഡെലിവറി ബൈക്കുകളുടെ പ്രവർത്തന കാലാവധി നീട്ടാം; മാനദണ്ഡങ്ങളുമായി ദുബായ് ആർടിഎ

നഗരത്തിലെ ഡെലിവറി ബൈക്കുകളുടെ പ്രവർത്തന കാലാവധി നീട്ടുന്നതിനായി പുതിയ സാങ്കേതിക പരിശോധനാ മാനദണ്ഡങ്ങൾ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) പുറത്തിറക്കി. നിലവിലെ ചട്ടപ്രകാരം കാലാവധി പൂർത്തിയാക്കിയ ബൈക്കുകൾക്ക് നിശ്ചിത സുരക്ഷാ പരിശോധനകൾക്ക് വിധേയമായി ഒരു വർഷത്തേക്ക് കൂടി റജിസ്ട്രേഷൻ പുതുക്കി നൽകാനാണ് തീരുമാനം. ഡെലിവറി മേഖലയിലെ സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള ഈ നീക്കം ചെറുകിട കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ സാമ്പത്തിക ആശ്വാസമാകും.

രാജ്യാന്തര നിലവാരത്തിലുള്ള സാങ്കേതിക പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും ബൈക്കുകൾക്ക് പ്രവർത്തനാനുമതി നൽകുക. ആർടിഎ വെബ്‌സൈറ്റ് വഴിയോ നിശ്ചിത പരിശോധനാ കേന്ദ്രങ്ങൾ വഴിയോ ഈ സേവനം പ്രയോജനപ്പെടുത്താം. അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ബൈക്കുകൾ ഡെലിവറി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

∙ സുരക്ഷയും ലാഭവും ഒരുപോലെ
ഡെലിവറി മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ച കണക്കിലെടുത്താണ് പുതിയ പരിഷ്കാരമെന്ന് കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് ആക്ടിവിറ്റീസ് ഡയറക്ടർ ഖാലിദ് മുഹമ്മദ് സാലിഹ് പറഞ്ഞു. ഈ സംരംഭം സേവന നിലവാരം വർധിപ്പിക്കുക മാത്രമല്ല, കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും സഹായിക്കും. റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ കൂടുതൽ ബൈക്കുകൾ നിരത്തിലിറക്കാൻ ഇത് കമ്പനികളെ പ്രാപ്തരാക്കും.

Leave a Reply