രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിച്ച് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും വിട്ടയച്ചു. എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ പ്രത്യേക സംഘം വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസത്തോളം കസ്റ്റഡിയിൽ വെച്ചത്.
ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി.) പരാതി നൽകിയതിനെത്തുടർന്നാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ വിട്ടയച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-നായിരുന്നു ഇരുവരേയും കസ്റ്റഡിയിലെടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ ഡി.ജി.പിക്ക് പരാതി നൽകിയത്. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് തന്റെ സഹോദരനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയത്.

