കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദേശീയപാതകളിലൂടെ കേന്ദ്ര സർക്കാർ പിരിച്ചെടുത്ത ടോൾ തുക 1,65,322.67 കോടി രൂപ എന്ന് ജോൺ ബ്രിട്ടാസ് എംപി. ടോൾ പിരിവിന്റെ ആകെ കണക്കുകൾ കേന്ദ്ര ഗതാഗത മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ദേശീയപാത വികസനത്തിന് വൻ സാമ്പത്തിക സംഭാവനകൾ നൽകിയ കേരളം പോലുള്ള സംസ്ഥാനങ്ങളുമായി ഈ വരുമാനം പങ്കിടുമോ എന്ന നിർണായക ചോദ്യത്തിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു
NH-66 ദേശീയപാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ചെലവുകൾക്ക് 5,800 കോടി രൂപ കേരളം നൽകിയിട്ടുണ്ടെന്ന കാര്യം കേന്ദ്ര സർക്കാർ സഭയിൽ സമ്മതിക്കുകയും സംസ്ഥാനത്തിന്റെ ഈ സംഭാവനയെ അഭിനന്ദിക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ സാമ്പത്തിക പങ്കാളിത്തത്തിന് അനുപാതികമായ ടോൾ വരുമാന വിഹിതം കേരളത്തിന് നൽകണമെന്ന സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായില്ല എന്നും അദേഹം കൂട്ടിച്ചേർത്തു.
പകരം, ദേശീയപാത പദ്ധതിയുടെ മൊത്തം ചെലവുമായി ചേർത്ത് സംസ്ഥാനത്തിന്റെ സംഭാവനയെ ചെറുതാക്കി കാണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് 1,600 കോടി രൂപയിലധികം ടോൾ പിരിച്ചെടുത്തിട്ടും, ആ തുക പൂർണമായും കേന്ദ്ര സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി . ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്

