Headlines

ടെലിവിഷൻ ചർച്ചയിൽ സൂര്യകുമാർ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് പാക് താരം മുഹമ്മദ് യൂസഫ്

ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫ്. ഇന്ത്യൻ ക്യാപ്റ്റനെ തുടർച്ചയായി പന്നിയെന്ന് വിളിച്ചാണ് മുഹമ്മദ് യൂസഫ് അധിക്ഷേപിച്ചത്. ചർച്ച നയിച്ച അവതാരക വിലക്കിയിട്ടും മുഹമ്മദ് യൂസഫ് സൂര്യകുമാറിനെതിരെ അധിക്ഷേപ വാക്കുകൾ തുടർന്നു.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീം അമ്പയർമാരെയും മാച്ച് റഫറിയെയും സ്വാധീനിച്ച് വിജയം തട്ടിയെടുക്കുകായിരുന്നുവെന്നും മുഹമ്മദ് യൂസഫ് പറഞ്ഞു. മത്സരത്തിൽ അമ്പയർമാരുടെ വിരലുകൾ നിയന്ത്രിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് തോന്നുന്നു. ഇന്ത്യ അപ്പീൽ ചെയ്തപ്പോഴൊക്കെ അമ്പയർമാർ വിരലുയർത്തിയെന്നും മുഹ്‌മദ് യൂസഫ് ആരോപിച്ചു.

മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് എൽബിഡബ്ല്യു അപ്പീലുകൾ അമ്പയർമാർ അനുവദിച്ചെങ്കിലും റിവ്യു എടുത്ത് പാകിസ്ഥാൻ ബാറ്റർമാർ രക്ഷപ്പെട്ടതിനെ പരാമർശിച്ചാണ് യൂസഫിൻറെ ആരോപണം. മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിർദേശിച്ച മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കിൽ ടൂർണമെൻറിൽ നിന്ന് പിൻമാറുമെന്ന് പാകിസ്ഥാൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പാകിസ്ഥാൻറെ ആവശ്യം ഐസിസി തള്ളി. ഇന്ത്യയോടേറ്റ തോൽവിക്കുശേഷം ഹസ്തദാനം ചെയ്യാൻ തയാറാവത്തതിനെതിരെ മുൻ പാക് താരങ്ങൾ വിമർശിച്ചിരുന്നുവെങ്കിലും മുഹമ്മദ് യൂസഫിനെപ്പോലെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മുതിർന്നിരുന്നില്ല.

Leave a Reply