വ്രതമാസമായ റമസാനെ വരവേൽക്കാൻ വൈവിധ്യമാർന്ന പരിപാടികളുമായി മധ്യപൂർവദേശത്തെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ അൽ ഐൻ സൂ. റമസാൻ പ്രമാണിച്ച് സന്ദർശകർക്കായി ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. വന്യമൃഗങ്ങളെ അടുത്തു കണ്ടും തനിമയാർന്ന വിഭവങ്ങൾ രുചിച്ചും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒട്ടേറെ അവസരങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.∙ജിറാഫിനൊപ്പം നോമ്പുതുറ
മൃഗശാലയിൽ പുതുതായി ആരംഭിച്ച ‘സറാഫ’ റസ്റ്ററന്റിൽ വന്യജീവികളുടെ സാമീപ്യത്തിൽ നോമ്പുതുറക്കാം. ചിക്കൻ മജ്ബൂസ് ഉൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങളാണ് ഇവിടെ പ്രധാന ആകർഷണം. ശേഷം ഒയാസിസ് കഫേയിൽ നിന്ന് യുഎഇയുടെ തനത് മധുരപലഹാരമായ ലുഖൈമാത്തിനൊപ്പം ചൂടുള്ള ചോക്ലേറ്റും ആസ്വദിക്കാം. ജിറാഫുകളെയും കാണ്ടാമൃഗങ്ങളെയും നോക്കിയിരുന്ന് വിശ്രമിക്കാൻ ഔട്ട്ഡോർ മജ്‌ലിസുകളും സജ്ജമാണ്.∙സംഗീതവും വിനോദവും
വൈകുന്നേരങ്ങളിൽ ഔദ്, ഖാനൂൻ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയുള്ള കലാപരിപാടികൾ സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും. കുട്ടികൾക്കായി ഹെന്നാ ആർട്ട്, ഫേസ് പെയിന്റിങ്, ആനിമൽ തീം പ്ലേ ഏരിയ എന്നിവ പവിലിയനിൽ ഒരുക്കിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ഡെസേർട്ട് ലേണിങ് സെന്ററിൽ ഈ റമസാൻ കാലത്ത് പൈതൃക പ്രദർശനങ്ങളും പ്രത്യേക ഷോകളും നടക്കും.
∙റമസാൻ സൂ നൈറ്റ് റൺ
കായിക പ്രേമികൾക്കായി ഫെബ്രുവരി 28ന് രാത്രി 10ന് ‘റമസാൻ സൂ നൈറ്റ് റൺ’ വീണ്ടുമെത്തുന്നു. മൃഗശാലയ്ക്കുള്ളിലെ വന്യജീവി പാതയിലൂടെ 2.5 കിലോമീറ്റർ, 5 കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഓട്ടം. വിജയികൾക്ക് അൽ ഐൻ സൂവിന്റെ പ്രത്യേക മെഡലുകൾ സമ്മാനിക്കും.

