ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു.അധികാരത്തിലേറി ഒരു വർഷം പോലും തികയുന്നതിന് മുൻപാണ് ജപ്പാൻ പ്രധാനമന്ത്രി പദം ഷിഗെരു ഇഷിബ രാജിവെച്ചത്. ജപ്പാനിൽ നടന്ന പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയ്ക്കുണ്ടായ പരാജയവും പാർട്ടിയിലെ അഭിപ്രായ ഭിന്നതകളും കണക്കിലെടുത്താണ് ഷിഗെരുവിന്റെ രാജി. തിരഞ്ഞെടുപ്പ് തോൽവിയോടെ തന്റെ നേതൃത്വത്തിൻ കീഴിൽ പാർട്ടിയിലെ ഒരു വിഭാഗം അസ്വസ്ഥരാണെന്നും ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) ഒരു പിളർപ്പിലേക്ക് പോകാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും ഷിഗെരു ഇഷിബ മാധ്യമങ്ങളോട് പറഞ്ഞു.
എൽഡിപിയാണ് ജപ്പാനെ ഏഴ് പതിറ്റാണ്ടുകളോളമായി ഭരിച്ചുവരുന്നത്. സഭയിലേക്കുള്ള ഒരു നിർണായക തിരഞ്ഞെടുപ്പിൽ എൽഡിപി 15 വർഷത്തിലാദ്യമായി തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുയർന്നത് അതിരൂക്ഷ വിമർശനമായിരുന്നു.
പാർട്ടിക്കുള്ളിലെ അസംതൃപ്തരായ എംപിമാർ ഷിഗെരുവിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തെ ഒഴിവാക്കാൻ ജപ്പനീസ് മുൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയയ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ഷിഗെരുവുമായി നേരിട്ട് സംസാരിക്കുകയും സ്വമേധയാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

