വഴിനീളെ കാത്തുനിന്ന ജനസാഗരത്തിന്റെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വി.എസ്.അച്യുതാനന്ദൻ ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തി. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തി കൊണ്ടിരിക്കുകയാണ്.
വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാൽ, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും.

