തൻറെ സസ്‌പെൻഷൻ പിന്നിൽ എന്താണ് നടന്നതെന്ന കാര്യങ്ങൾ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകി എൻ പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തിരുവായ്ക്ക് എതിർവായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങൾ നൽകിയതെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.
പ്രശാന്തിൻറെ പുതിയ വെളിപ്പെടുത്തലോടെ ഐഎഎസ് തലപ്പത്തെ ചേരിപ്പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ഏഴ് മാസമായി സസ്‌പെൻഷനിൽ കഴിയുകയാണ് എൻ പ്രശാന്ത്. വിവരാവകാശ പ്രകാരം തൻറെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ലഭിച്ചെന്നാണ് സ്‌ക്രീൻ ഷോട്ട് സഹിതം പ്രശാന്ത് ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത്.
ആരൊക്കെ എന്തൊക്കെ ഫയലിൽ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്നുമൊക്കെ പുറത്ത് വരുമെന്നും പ്രശാന്ത് പറയുന്നു. തിരുവായ്ക്ക് എതിർവായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങൾ നൽകിയെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്. ശാരദാ മുരളീധരന് ചീഫ് സെക്രട്ടറിയായിരിക്കെയാണ് പ്രശാന്തിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുന്നത്.

