Headlines

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവിൽ ഒട്ടേറെ സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്നു. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് നാളെ ചുമതലയേൽക്കും. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹർജികൾ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന് മുന്നിലായിരുന്നു. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്. ജസ്റ്റിസ് വർമയെ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹാബാദിലേക്ക് സ്ഥലംമാറ്റിയശേഷം ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത് ശരിവെക്കൽ, തിരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കൽ, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ശരിവെക്കൽ തുടങ്ങിയ വിധികളെഴുതിയത് ജസ്റ്റിസ് ഖന്ന ഉൾപ്പെട്ട ബെഞ്ചാണ്. ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാലജാമ്യമനുവദിച്ചത് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്‌രാജ് ഖന്നയുടെയും ഡൽഹി സർവകലാശാലയിൽ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. പ്രമാദമായ കേശവാനന്ദഭാരതി കേസിലുൾപ്പെടെ വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ മരുമകൻകൂടിയാണ് അദ്ദേഹം.

Leave a Reply