Headlines

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങള്‍ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി നിലയത്തില്‍ പ്രവേശിച്ചതോടെയാണിത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.

ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ ‘ഗ്രേസ്’ ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു.

Leave a Reply