Headlines

ഗ്ലോബൽ വില്ലേജ് ‘പഴമക്കാരെ’ തിരയുന്നു; പഴയ ചിത്രങ്ങൾ പങ്കുവച്ച് വിഐപി പായ്ക്കുകൾ നേടാം

വർഷങ്ങളായി ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നവർക്കായി ആകർഷകമായ മത്സരവുമായി അധികൃതർ. ‘ഗ്ലോബൽ വില്ലേജ് ഒജി ഫാൻസ്’ എന്ന പേരിൽ നടത്തുന്ന മത്സരത്തിലൂടെ സന്ദർശകരുടെ ഏറ്റവും പഴയ ചിത്രങ്ങളാണ് തേടുന്നത്. കുട്ടിക്കാലത്ത് ആദ്യമായി സന്ദർശിച്ചപ്പോഴുളള ചിത്രങ്ങളോ, അല്ലെങ്കിൽ നിങ്ങളുടെ ജനനത്തിന് മുൻപ് മാതാപിതാക്കൾ ഗ്ലോബൽ വില്ലേജിൽ പോയപ്പോഴെടുത്ത ചിത്രങ്ങളോ മത്സരത്തിനായി അയക്കാം. യുഎഇ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഗ്ലോബൽ വില്ലേജുമായുള്ള ആത്മബന്ധം ആഘോഷിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.യുഎഇയിൽ താമസിക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 13-നകം ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുകയും മത്സരത്തിന്റെ റീലിന് താഴെ രണ്ട് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കമന്റ് ചെയ്യുകയും വേണം. തുടർന്ന് തങ്ങളുടെ പക്കലുള്ള ഏറ്റവും പഴയ ചിത്രം ഇൻസ്റ്റഗ്രാം സന്ദേശമായി അയച്ചു നൽകാം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിപണിയിൽ വൻ ഡിമാൻഡുള്ള സീസൺ 30 വിഐപി പായ്ക്കുകളാണ് സമ്മാനമായി ലഭിക്കുക. വിഐപി പാർക്കിങ്, എൻട്രി പാസുകൾ, സ്റ്റണ്ട് ഷോ, കാർണിവൽ തുടങ്ങിയവ ആസ്വദിക്കാനുള്ള വണ്ടർ പാസ് കാർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിജയികളെ ഈ മാസം 15-ന് പ്രഖ്യാപിക്കും.

Leave a Reply