Headlines

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം: മരണം 18ആയി

ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം 18ആയി. പാലത്തിനടിയിൽ തെരച്ചിൽ തുടരുന്നു. ബുധനാഴ്ച രാവിലെയാണ് ഗാംഭീര പാലം തകർന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിയുകയായിരുന്നു. അതിനിടെ സംഭവത്തിൽ നാല് എൻജിനിയർമാരെ ഗുജറാത്ത് മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു. അപകടത്തിൽ മരണസംഖ്യ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റോഡ്സ് ആൻഡ് ബിൽഡിംഗ് വകുപ്പിലെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തത്.

വഡോദരയിലെ പദ്ര മുജ്പൂരിനടുത്താണ് പാലം തകർന്നു വീണത്. പാലം തകർന്ന് മഹി സാഗർ നദിയിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് വാഹനങ്ങളും നദിയിൽപ്പെട്ടിട്ടുണ്ട്. രണ്ട് ട്രക്കുകളും ഒരു പിക്കവാനും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് മഹി സാഗർ നദിയിലേക്ക് വീണത്. 30 വർഷത്തിലധികം പഴക്കമുള്ള പാലമാണ് തകർന്നത്. പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതൽ മുന്നറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാറും അവഗണിച്ചതാണ് അപകട കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 1985ൽ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങൾ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം.

Leave a Reply