Headlines

ഗാസയിൽ ഭക്ഷണം കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ഷെല്ലാക്രമണം; 45 പേർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഭക്ഷണമുൾപ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്ന 45 പലസ്തീനികൾ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരെ ഉടൻ എത്തിച്ചത് നാസർ ആശുപത്രിയിലേക്കാണ്. ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റവരെ കൊണ്ട് ആശുപത്രി നിറഞ്ഞിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കുറച്ചുദിവസം മുൻപ് തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയവരെയാണ് ഇസ്രയേൽ ആക്രമിച്ചത്. നിർദേശിച്ച വഴിയിൽ നിന്ന് മാറി സൈന്യത്തിനു നേരെ നീങ്ങിയതിനാൽ സംശയം തോന്നിയാണ് ഇവർക്കുനേരെ വെടിയുതിർത്തത് എന്നായിരുന്നു ഇസ്രയേലിന്റെ അന്നത്തെ വിശദീകരണം.

Leave a Reply