Headlines

ഗാസയിലെ രോഗികളെയും പരുക്കേറ്റവരെയും യുഎഇയിലെത്തിച്ച് ചികിത്സ നൽകി

ഗാസയിൽ ദുരിതമനുഭവിക്കുന്ന 119 രോഗികളെയും പരുക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും അടിയന്തരമായി യുഎഇയിലെത്തിച്ച് ചികിത്സ നൽകി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടത്തിയ പ്രത്യേക വിമാനത്തിലാണ് ഇവരെ റമോൺ വിമാനത്താവളത്തിൽ നിന്ന് മാറ്റിയത്. ഗാസയിലെ കരം അബു സലേം ക്രോസിങ് വഴിയാണ് രോഗികളെ വിമാനത്താവളത്തിൽ എത്തിച്ചത്.
ഇതുവരെയായി മാനുഷിക പ്രതിസന്ധിക്ക് ശേഷം 2904 രോഗികളെയും അവരുടെ കുടുംബങ്ങളെയും യുഎഇ ചികിത്സയ്ക്കായി മാറ്റിപ്പാർപ്പിച്ചു. പലസ്തീനിലെ ആയിരം കുട്ടികൾക്കും ആയിരം അർബുദ രോഗികൾക്കും യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തിന്റെ ഭാഗമായാണ് ഈ നടപടി.

അടിയന്തര മാനുഷിക സഹായങ്ങൾ നൽകുന്നതിൽ യുഎഇയുടെ പ്രതിബദ്ധത ഈ നീക്കം വ്യക്തമാക്കുന്നതായി വിദേശകാര്യ സഹമന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി പറഞ്ഞു.
ലോകാരോഗ്യ സംഘടനയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് രോഗികളെ യുഎഇയിലെ ആശുപത്രികളിലേക്ക് മാറ്റുന്നത്. എമിറേറ്റ്സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ താമസിക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും സമഗ്രമായ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക സേവനങ്ങൾ നൽകുന്നുണ്ട്.അൽ അരിഷ് തീരത്തുള്ള യുഎഇയുടെ ആശുപത്രി കപ്പലിലും തെക്കൻ ഗാസയിലെ ഫീൽഡ് ആശുപത്രിയിലും ആവശ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും മരുന്നുകളും ലഭ്യമാക്കുന്നത് തുടരുമെന്നും അൽ ഷംസി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി യുഎൻ സംഘടനകളുമായും രാജ്യാന്തര പങ്കാളികളുമായും സഹകരിച്ച് യുഎഇയുടെ മാനുഷിക പ്രവർത്തനങ്ങൾ തുടരും.

Leave a Reply