അഖിലേന്ത്യാ പണിമുടക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ. ഗണേഷ് കുമാറിന്‍റെ നിലപാട് സർക്കാറിന്‍റെ നയമല്ലെന്ന് എ.കെ. ബാലൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾ ഓടുന്നില്ല. ബസുകൾ ഓടും എന്ന തരത്തിൽ ഒരു മന്ത്രി പ്രസ്താവന നടത്തുന്നത് സമരത്തോടുള്ള വിയോജിപ്പാണ്. തൊഴിലാളികൾ സമരം നടത്താൻ പാടില്ല, ഡയസ്നോൺ നടപ്പിലാക്കും എന്നൊക്കെ ചില പരാമർശങ്ങൾ സർക്കാറിന്‍റെ ഭാഗമായ ചില വ്യക്തികളിൽ നിന്ന് കണ്ടു. അത് സർക്കാറിന്‍റെ നയമല്ല. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ നടത്തുന്ന പ്രക്ഷോഭത്തോട് ശത്രുതാ മനോഭാവം കാണിക്കരുത് എന്നാണ് സർക്കാർ നയം. തെറ്റായ സന്ദേശം കൊടുക്കുന്ന ശബ്ദം ഗുണകരമായില്ല, അത് ഒഴിവാക്കേണ്ടതായിരുന്നു -എ.കെ. ബാലൻ പറഞ്ഞു.
ദേശീയ പണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഗണേഷ് കുമാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി അറിയിച്ചത്. പിന്നീട് ദേശീയ പണിമുടക്കിനെ നേരിടാൻ കെ.എസ്.ആർ.ടി.സി ഡയസ്നോൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി പൊതുഗതാഗതമാണ്. അതുകൊണ്ട് തൊഴിലാളികള്‍ സമരം ഒഴിവാക്കുമെന്നാണ് വിശ്വസിക്കുന്നത്. സമരം ചെയ്യാന്‍ പറ്റുന്ന സാഹചര്യമല്ല കെ.എസ്.ആർ.ടി.സിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ തവണ സമരം ചെയ്തപ്പോള്‍ ആറു ശതമാനം ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

