ദോഫാര്‍ ഗവര്‍ണറേറ്റിലെ ഖരീഫ് ദിനങ്ങള്‍ക്ക് വിരാമമാകുന്നു. സീസണ്‍ ഔദ്യോഗികമായി സെപ്റ്റംബര്‍ 21ന് സമാപിക്കുമെങ്കിലും സഞ്ചാരികളുടെ വരവ് വരും ദിവസങ്ങളിലും തുടരും. ജൂണ്‍ 21 മുതല്‍ ഇതിനോടകം ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ദോഫാര്‍ സന്ദര്‍ശിച്ച് മടങ്ങിയത്.
ജിസിസി രാജ്യങ്ങളില്‍ ചൂടില്‍ ചുട്ടു പൊള്ളുമ്പോള്‍ മഴക്കുളിരില്‍ തണുപ്പു പരത്തുന്ന സലാലയിലേക്ക് ഗള്‍ഫില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. ജര്‍സീസ്, റസാത്ത്, ഹംറാന്‍, ശല്‍നൂത്ത്, അല്‍ മുഖ്ശല്‍ ബീച്ച്, വാദി ദര്‍ബാത്ത് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസങ്ങളില്‍ സന്ദര്‍ശകരൊഴുകി. അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിലേക്കും ഖൂര്‍ റോറി, സംഹറം, ശാശര്‍, ഉബാര്‍, വാദി താഖ എന്നിവിടങ്ങളിലും സഞ്ചാരികളെത്തി.
സലാലയിലെ ഹോട്ടലുകള്‍, ഫല്‍റ്റുകള്‍ മറ്റു താമസ സൗകര്യങ്ങള്‍ എന്നിവ വലിയ തിരക്കാണ് കഴിഞ്ഞ മാസങ്ങളില്‍ അനുഭവപ്പെട്ടത്. ടാക്‌സി സര്‍വീസുകളും ലാഭം കൊയ്തു. വാടക കുത്തനെ ഉയരുന്ന ഖരീഫ് കാലയളവില്‍ സലാലയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. സലാലയുടെ സ്വന്തം വിഭവങ്ങളായ ഇളനീരും നാളികേരവും വാഴപ്പഴവുമെല്ലാം വന്‍ തോതില്‍ വിറ്റഴിക്കപ്പെടുന്നു. സഞ്ചാരികളില്‍ വലിയൊരുഭാഗം പേരും എത്തിയത് റോഡ് മാര്‍ഗമാണ്. വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയവരും നിരവധി.

