ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽആക്രമണം നടത്തി. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.കത്താര പ്രവിശ്യയിൽ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ദോഹയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം.ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. ആക്രമണത്തെ ഖത്തർ അപലപിച്ചിട്ടുണ്ട്.
ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിന്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി.നിലവിൽ രാജ്യത്തെ സ്ഥിതി സുരക്ഷിതമാണെന്നും ഔദ്യോഗിക വിവരങ്ങളെ ആശ്രയിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

