Headlines

ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്

ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ് രം​ഗത്ത്. ഖത്തറിലെ ഇസ്രായേൽ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രായേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും. ”ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.”- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചത്.

Leave a Reply