ദോഹ ∙ പ്രവാസികൾക്കും ആഗോള നിക്ഷേപകർക്കും ആവേശകരമായ പ്രഖ്യാപനവുമായി ഖത്തർ. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും ആഗോളതലത്തിലുള്ള പ്രമുഖ സംരംഭകരെയും ഉന്നത ഉദ്യോഗസ്ഥരെയും നിക്ഷേപകരേയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായും പത്ത് വർഷത്തെ ദീർഘകാല റസിഡൻസി പദ്ധതിക്ക് തുടക്കം. ദോഹയിൽ നടന്ന ‘വെബ് സമ്മിറ്റ് ഖത്തർ 2026’ ന്റെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയാണ് വൻ പ്രഖ്യാപനം നടത്തിയത്. ഖത്തറിനെ ആഗോള ബിസിനസ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും സീനിയർ എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷത്തെ റസിഡൻസി പദവി ലഭിക്കും. വിദേശികൾക്ക് സ്പോൺസർ ഇല്ലാതെ തന്നെ ഖത്തറിൽ ദീർഘകാലം താമസിക്കാനും ബിസിനസ് ചെയ്യാനും പുതിയ പദ്ധതി അവസരമൊരുക്കും.
∙ താമസാനുകൂല്യം
പുതിയ പ്രഖ്യാപനം അനുസരിച്ച്, ഖത്തറിലെത്തുന്ന സംരംഭകർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കും പത്ത് വർഷം നീണ്ടുനിൽക്കുന്ന താമസാനുകൂല്യം ലഭ്യമാകും. നിലവിലുള്ള ഹ്രസ്വകാല വീസ രീതികളിൽ നിന്ന് മാറി, കൂടുതൽ സുരക്ഷിതത്വവും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ റസിഡൻസി പദ്ധതി.
∙ ആർക്കൊക്കെ അപേക്ഷിക്കാം?പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് പുതിയ ,റസിഡൻസി പദ്ധതി. സംരംഭകർക്കുള്ള റസിഡൻസിയും സീനിയർ എക്സിക്യൂട്ടീവുകൾക്കുള്ള റസിഡൻസിയും. സംരംഭകരുടെ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ഖത്തർ ഫിൻടെക് ഹബ്, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക്, ക്യുബിക് തുടങ്ങിയ അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളിൽ നിന്നുള്ള എൻഡോഴ്സ്‌മെന്റ് അഥവാ സാക്ഷ്യപത്രം കരസ്ഥമാക്കണം. കുറഞ്ഞത് 2,50,000 ഖത്തർ റിയാൽ നിക്ഷേപവും കൃത്യമായ ബിസിനസ് പ്ലാനും ഇതിനായി ആവശ്യമാണ്. ഖത്തറിന് അകത്തുള്ളവർക്കും പുറത്തുള്ളവർക്കും ഇതിനായി അപേക്ഷിക്കാം.നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്ന ചെയർമാൻമാർ, സിഇഒമാർ, ഡയറക്ടർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കുള്ളതാണ് എക്സിക്യൂട്ടീവ് വിഭാഗം. ഇവർക്ക് ഖത്തർ ഐഡി നിർബന്ധമാണ്. എക്സിക്യൂട്ടീവ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് സീനിയർ എക്സിക്യൂട്ടീവ് മാനേജ്‌മെന്റ് തസ്തികയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉയർന്ന ശമ്പളവും ഉണ്ടായിരിക്കണം. സിഇഒ, സിഎഫ്ഒ തുടങ്ങിയ സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 50,000 റിയാലും മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലുള്ളവർക്ക് പ്രതിമാസ ശമ്പളം കുറഞ്ഞത് 80,000 റിയാലും നിർബന്ധമാണ്. ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ ബാങ്കുകളിലോ ജോലി ചെയ്യുന്നവർക്കാണ് ഈ വിഭാഗത്തിൽ മുൻഗണന ലഭിക്കുക. പിന്നീട് ജോലി മാറിയാലും ഇവരുടെ ദീർഘകാല റസിഡൻസി പദവിക്ക് മാറ്റം സംഭവിക്കില്ല.

