പൗരസ്ത്യ കൽദായ സുറിയാനിസഭ മുൻ അധ്യക്ഷൻ മാർ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം മാർത്തമറിയം വലിയ പള്ളിയിൽ നടക്കും.
നർമ്മബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ആൾരൂപമായിരുന്ന അപ്രേം തൃശൂരിന്റെ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. എഴുപതിലേറേ പുസ്തകങ്ങളുടെ കർത്താവായ അദ്ദേഹത്തിന് സിത്താറിലും പ്രാവീണ്യമുണ്ടായിരുന്നു. സഭകൾ തമ്മിലുള്ള തർക്കം സമവായത്തിലെത്തിച്ചതാണ് മാർ അപ്രേമിന്റെ വലിയ സംഭാവന. ശത്രുതാഭാവത്തിലായിരുന്ന കത്തോലിക്കാ സഭയുമായി പൗരസ്ത്യ സഭയെ അടുപ്പിച്ചതും അപ്രേമിന്റെ ക്ഷമയോടെയുള്ള പ്രവർത്തനമായിരുന്നു. പരസ്പരം സ്‌നേഹിക്കുക സഹകരിക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസ്സിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-ന് ജനനം. ജോർജ്ജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം. തൃശ്ശൂർ സി എം എസ് എൽ പി സ്‌കൂളിലും കാൽഡിയൻ സിറിയൻ സ്‌കൂളിലുമായി വിദ്യാഭ്യാസം. ഉയർന്ന മാർക്കോടെ സ്‌കൂൾ പരീക്ഷ പാസായി സെന്റ് തോമസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു.
ഇന്റർമീഡിയറ്റിന് ശേഷം ജബൽപൂരിലെ ലീയൊണാർഡ് തിയോളോജിക്കൽ സെമിനാരിയിൽ നിന്ന് 1961-ൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടി. ദൈവം കൈപിടിച്ചു നടത്തിയതുപോലെയായിരുന്നു ജോർജ് ഡേവിസ് മൂക്കൻ സഭാനാഥനാകുന്നത്. വീട്ടിൽ നിന്ന് എതിർപ്പുണ്ടായിട്ടും അച്ചനാവാൻ അദ്ദേഹം എടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.

