കൗമാരക്കാരെ സംരക്ഷിക്കുന്നതിനായി ദുബായിൽ ആദ്യത്തെ കെയർ ഷെൽറ്റർ തുറന്നു.ദുബായിൽ ആദ്യത്തെ കെയർ ഷെൽറ്റർ തുറന്നു. അക്രമം, അവഗണന, പീഡനം തുടങ്ങിയവയിൽനിന്നു കൗമാരക്കാരെ സംരക്ഷിക്കുന്നതിനായിട്ടാണ് കെയർ ഷെൽറ്റർ തുറന്നിരിക്കുന്നത്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന സുരക്ഷിത ഇടമായ കേന്ദ്രത്തിൽ 12 മുതൽ 18 വയസ്സു വരെയുള്ള സ്വദേശികൾക്കും വിദേശികൾക്കും പ്രവേശനമുണ്ട്. ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ആണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളെ പാർപ്പിക്കാൻ നിലവിൽ സൗകര്യം ഇല്ലാത്തതാണ് ഇത്തരമൊരു കേന്ദ്രം തുറക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. 12നു താഴെയുള്ളവർക്കായുള്ള 3 അഭയ കേന്ദ്രങ്ങളിലായി ഇപ്പോൾ 20 കുട്ടികൾ ഉണ്ട്. കിടപ്പുമുറി, പഠനമുറി, അടുക്കള, ജിം, പ്രാർഥനാമുറി, വിനോദത്തിനുള്ള ഇടങ്ങൾ, കൗൺസലിങ് സ്ഥലങ്ങൾ എന്നിവ ഷെൽറ്ററിൽ ഉൾപ്പെടുന്നു.
പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ, സ്‌കൂളുകൾ, ആശുപത്രികൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴി നാമനിർദേശം ചെയ്യാം. കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഓരോ കുട്ടിയെയും സമഗ്രമായി വിലയിരുത്തിയ ശേഷം പ്രത്യേക സംരക്ഷണ പദ്ധതി തയാറാക്കും. മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ അഭയകേന്ദ്രം വാഗ്ദാനം ചെയ്യുന്നു. വ്യക്തിഗതമായും ഗ്രൂപ്പുകളായും തിരിച്ചായിരിക്കും ക്ലാസുകൾ. 18 വയസ്സ് തികയുന്നതിനു മുൻപ് തൊഴിലധിഷ്ഠിത പരിശീലനം നൽകി സ്വയംപര്യാപ്തരാക്കുകയും തുടർപിന്തുണ ഉറപ്പാക്കുകയും ചെയ്യും.
അഭയകേന്ദ്രം ദുബായ് ഡപ്യൂട്ടി ചീഫ് ഓഫ് പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം ഉദ്ഘാടനം ചെയ്തു. ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ അഹമ്മദ് ദർവിഷ് അൽ മുഹൈരി, ആക്ടിങ് ഡയറക്ടർ ജനറൽ ഷെയ്ഖ സഈദ് അൽ മൻസൂരി തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

