Headlines

കോടനാട് വയോധികയുടെ കൊലപാതകം; അന്നമ്മയുടെ അയൽവാസിയായ 24കാരൻ പിടിയിൽ

എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയത് അയൽവാസിയായ യുവാവെന്ന് തെളിഞ്ഞു. 84 വയസുകാരിയായ അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് അയൽവാസിയായ 24 കാരൻ അദ്വൈതിൻറെ കുറ്റസമ്മത മൊഴി. കൊലപാതക ശേഷം ഒളിവിൽ പോയ അദ്വൈതിനെ കർണാടകയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 84 വയസുകാരി അന്നമ്മയെ തോട്ടുവയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയായ അഭിഭാഷകൻറെ പുരയിടം സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ. ആ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയതും. അന്നമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതു കൊണ്ടു തന്നെ കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു പൊലീസ്.

തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയുമെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്നമ്മയുടെ മരണത്തിനു പിന്നാലെ നാടുവിട്ടു പോയ അദ്വൈത് ഷിബുവിലേക്ക് പൊലീസ് എത്തിയത്. അന്നമ്മയുടെ അയൽവാസിയാണ് അദ്വൈത്. തൻറെ അമ്മയെ വഴക്കു പറഞ്ഞതിലുളള വൈരാഗ്യവും തൻറെ സാമ്പത്തിക പ്രശ്‌നങ്ങളുമാണ് അന്നമ്മയെ ആക്രമിക്കാൻ കാരണമായതെന്ന് അദ്വൈത് പൊലീസിനോട് പറഞ്ഞു.

Leave a Reply