Headlines

കേരളത്തിന്റെ റെയിൽവേ വിഹിതം 3,975 കോടി; ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ എന്നും മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതമായി 3,975 കോടി രൂപ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിനും നൽകിയ വിഹിതത്തെക്കുറിച്ച് പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് തിരുനാവായ-ഗുരുവായൂർ പുതിയ റെയിൽപാത പ്രഖ്യാപിച്ചു. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി പാതയ്ക്കുള്ള നടപടികൾ പൂർത്തിയായതായും റെയിൽവേ മന്ത്രി പറഞ്ഞു.മംഗലാപുരം-ഷൊർണൂർ നാലാംപാതയുടെ ഡിപിആർ ഉടൻ പൂർത്തിയാകും. 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-എറണാകുളം മൂന്നാംപാതയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.

തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാതയ്ക്കായുള്ള സർവെ പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. റെയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ കേരളാസർക്കാരിന്റെ സജീവ സഹകരണം വേണം. റെയിൽവേ വികസനത്തിനായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകും. കേരളത്തിൽ പണിയാൻ ഉദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം മെട്രോമാൻ ഇ. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഭാവിയിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply