Headlines

കെട്ടിടം തകർന്നുവീണു; പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു

തൃശൂർ കൊടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടം തകർന്നുവീണു. പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടു. കൊൽക്കത്തയിൽനിന്നുള്ള രാഹുൽ, റുബേൽ, ആലിം എന്നിവരാണ് കുടുങ്ങിയത്. ആകെ 12 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഒമ്പത് പേർ ഓടിരക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർ ഫോഴ്സും എത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്. കാലത്ത് ജോലിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് മൂന്ന് പേര്‍ അപകടത്തില്‍പ്പെട്ടത്. പഴയ കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയുടെ മേല്‍ക്കൂര ഓട് മേഞ്ഞ നിലയിലാണ്. പഴയ കെട്ടിടത്തിന്റെ മുന്‍വശം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. ഇതടക്കമാണ് തകര്‍ന്നുവീണത്.

Leave a Reply